കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 13 വർഷമായി തരിശായി കിടന്നിരുന്ന കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു. ആദ്യകാലത്ത് ഇരിപ്പൂ കൃഷിയും പിന്നീട് ഒരുപ്പൂ കൃഷിയും ഇറക്കിയിരുന്ന പാടശേഖരമായിരുന്നു. മാറിമാറി വന്ന രൂക്ഷമായ വെള്ളക്കെട്ടും വേനലും കൃഷി മുടങ്ങാൻ കാരണമായി.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് വള്ളിവട്ടം, പൈങ്ങോട് പ്രദേശത്തെ ഗ്രാമീണകൂട്ടായ്മയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ വീണ്ടും കൃഷി ആരംഭിച്ചത്. പല മേഖലകളിൽ ജോലി ചെയ്തിരുന്നവർ കൃഷിക്കായി ഒന്നിക്കുകയായിരുന്നു.

പാടശേഖരത്തിലെ രണ്ട് കർഷകരും ഇതോടൊപ്പമുണ്ട്. പാടശേഖരത്തിലെ ഭൂവുടമകളുടെ സമ്മതപത്രം വാങ്ങി കൃഷി തുടങ്ങി ദിവസവും രാവിലെ ആറുമുതൽ എട്ടുവരെ ഇവർ സ്ഥലത്ത് സജീവമാകും. കൃഷിഭവനിൽ നിന്ന് ലഭിച്ച ഉമ വിത്താണ് ഇറക്കിയത്.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷിബിൻ ആക്‌സിപറമ്പിൽ അധ്യക്ഷത വഹിച്ചു. ഗ്രാമീണ കർഷക കൂട്ടായ്മ അംഗങ്ങളായ പ്രേമചന്ദ്രൻ, സുരേഷ് ബാബു, ശിവലാൽ, സതീഷ്, ഷീലാ ജോയ്, വിപിൻദാസ്, വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു.