കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ ശുചിത്വത്തിലേക്ക്;

സമയം പാഴാക്കരുത് ക്യാമ്പയിന് ഒക്ടോബർ രണ്ടിന് തുടക്കം

കൊടുങ്ങല്ലൂർ നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ എത്തിക്കാനുള്ള വലിയ പദ്ധതിക്ക് ഗാന്ധി ജയന്തിദിനത്തിൽ തുടക്കമിടുന്നു. സമ്പൂർണ ശുചിത്വത്തിന്റെ ഭാഗമായി സമയം പാഴാക്കരുത്- ക്യാമ്പയിൻ നഗരസഭയിൽ നടപ്പാക്കാനാണ് തീരുമാനം.

നഗരസഭാ പ്രദേശത്ത് നിലവിൽ 17000ൽ പരം വീടുകളും 3496 സ്ഥാപനങ്ങളുമാണുള്ളത്. 71,440 വരുന്ന ജനസംഖ്യയിൽ, ഒരാൾ പ്രതിദിനം ശരാശരി 350 ഗ്രാം മാലിന്യം കണക്കാക്കിയാൽ, 32 ടൺ മാലിന്യം നഗരസഭാ പ്രദേശത്തെ വീടുകളിൽനിന്നും ഉൽപാദിപ്പിക്കുന്നുണ്ട്. നിലവിൽ നഗരസഭയിൽ വിതരണം ചെയ്ത മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ, തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് ബിന്നുകൾ, മേത്തല പ്ലാൻറ് എന്നിവ വഴി സംസ്‌കരിക്കപ്പെടുന്നത് 18 ടൺ മാലിന്യം മാത്രമാണ്. ശേഷിക്കുന്ന 12 ടൺ മാലിന്യം സംസ്‌കരിക്കാൻ ബാക്കി വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ സ്ഥാപിക്കണം. പ്രദേശത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത് വഴി സമ്പൂർണ ശുചിത്വ നഗരങ്ങളുടെ പട്ടികയിലേക്ക് കൊടുങ്ങല്ലൂർ എത്തും. അതിനുള്ള തയ്യാറെടുപ്പിലാണ് നഗരസഭാ അധികൃതർ.

ഒക്ടോബർ രണ്ട് മുതൽ 10 വരെ വിപുലമായ ഗാർഹിക മാലിന്യ സംസ്‌കരണ സർവ്വേ നടത്തും. 12 മുതൽ 19 വരെ എല്ലാ വീട്ടിലും ഉറവിടമാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ വിപുലമായ പ്രചരണം, മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനം, കുട്ടികൾക്കായി ഓൺലൈനിൽ ചിത്രരചന, പോസ്റ്റർ രചന മത്സരം എന്നിവ നടക്കും. സർവ്വേ ഫലങ്ങൾ വിശകലനം ചെയ്യാൻ മുഴുവൻ വാർഡുകളിലും ഓൺലൈൻ ശുചിത്വസഭാ യോഗങ്ങൾ 14 മുതൽ 21 വരെയുള്ള തീയതികളിൽ നടക്കും. മുഴുവൻ വീടുകളിലും മാലിന്യ സംസ്‌കരണോപാധികൾ ഉറപ്പാക്കാനുള്ള വാർഡ് തല ബോധവത്കരണം 21 മുതൽ 28 വരെയും ക്യാമ്പയിനോട് നിസ്സഹരിക്കുന്ന വീടുകളിൽ ബോധവൽകരണം 29നും പൂർത്തിയാക്കും. 30 ,31 തീയതികളിൽ സമ്പൂർണ ശുചിത്വ വാർഡ് പ്രഖ്യാപനവും നവംബർ ഒന്നിന് സമ്പൂർണ ശുചിത്വ നഗര പ്രഖ്യാപനവും നടത്താനുള്ള പരിപാടികൾ തയ്യാറാക്കിയതായി ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.