15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ

ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗിവ അറിയിച്ചു.

നഗരത്തിലെ ചേരികളിൽ 15.6 ശതമാനമാണ് വൈറസ് സാന്നിധ്യം. ചേരിയല്ലാത്ത പ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം 8.2 ശതമാനമാണ്. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചുവെന്നും സിറോ സർവേ സൂചിപ്പിക്കുന്നു. രോഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യമായതിനാൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഐസിഎംആർ നിർദേശിച്ചു. വരാനിരിക്കുന്ന മാസങ്ങളിൽ ജനങ്ങൾ ധാരാളം ഒത്തുകൂടുന്ന ഉത്സവങ്ങളും തെരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തിലാണ് നിർദേശം.