അനുഭവിച്ചറിഞ്ഞു…..അദൃശ്യ ശക്തിയുടെ സ്പര്‍ശം

അതേ 17 മണിക്കൂര്‍ നസറുദ്ദീന്‍ സ്വബോധത്തിലായിരുന്നില്ല. ഏതോ ഒരു അബോധാവസ്ഥയില്‍ കൈകാലുകള്‍ക്ക് ആരോ നീന്താനുള്ള നിര്‍ദേശം കൊടുക്കുകയായിരുന്നു.

താനൂര്‍: കരയെ സന്ധ്യ പുല്‍കുമ്പോഴും കടല്‍ സൂര്യരശ്മികളാല്‍ ഇരുട്ടിനെ പ്രതിരോധിക്കുമെത്രെ. പക്ഷേ അന്ന് പതിവിന് വിപരീതമായിരുന്നു കടല്‍, മാനത്ത് കാറ്റും കോളും നിറഞ്ഞിരുന്നു. കടല്‍ പതിവിലും കൂടുതല്‍ പ്രക്ഷുബ്ദമായിരുന്നു. തിരമാലകളെല്ലാം മത്സ്യത്തൊഴിലാളികളോട് സൗഹൃദം വെടിഞ്ഞു കഴിഞ്ഞ പോലെ. കടലിന്റെ ഈ സ്വഭാവം കണ്ടു കഴിഞ്ഞാല്‍ പിന്നെ കരയിലേയ്ക്കടുക്കാനുള്ള തത്രപ്പാടിലായിരിക്കും മത്സ്യത്തൊഴിലാളികള്‍. പതിവിലും നേരത്തെ ഇരുട്ട് മൂടി. തിരമാലകള്‍ക്കെല്ലാം വേഗം കൂടിയ പോലെ തോന്നി തുടങ്ങിയപ്പോള്‍ തീരത്തണയാന്‍ അവര്‍ തീരുമാനിച്ചു. ബോട്ടും രണ്ടു തോണികളുമായി വന്നവരായിരുന്നു താനൂര്‍ തീരത്തെ മീന്‍പിടുത്ത സംഘം. തിരിച്ചു പോകാനുള്ള നിര്‍ദേശം കിട്ടിയയുടന്‍ എല്ലാവരും കരയിലേയ്ക്ക് തിരിച്ചു. ബോട്ടിനൊപ്പം തുഴഞ്ഞു നീങ്ങാനാവില്ലെങ്കിലും നസറുദ്ദീനും സിദ്ദീഖും തിരിച്ചു തുഴഞ്ഞു. പക്ഷേ കടല്‍ അപ്രതീക്ഷിതമായി അവരെ നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. തിരമാലകള്‍ തോണിയുടെ താളത്തെ തടസപ്പെടുത്തിക്കൊണ്ടേയിരുന്നു. അല്‍പ്പ സമയത്തിനകം തന്നെ തോണിയില്‍ വെള്ളം നിറയുന്നത് കണ്ട് ഇരുവരും പരസ്പരം നോക്കി. എന്നാല്‍ ഭയപ്പെട്ട് തളരാനൊന്നും ഇരുവരും തീരുമാനിച്ചിരുന്നില്ല. കയ്യില്‍ കരുതിയ കുടിവെള്ള കന്നാസുമായി കടലില്‍ നീന്താന്‍ തീരുമാനിച്ചു. സിദ്ദീഖ് പറഞ്ഞു…..പേടിക്കണ്ടടാ….ഞമ്മക്ക് നീന്താംന്ന്….ആ ആവേശത്തില്‍ നസറുദ്ദീന്‍ നീന്തി തുടങ്ങി. കര അങ്ങകലെയാണ്. കടലിന്റെ ഭാഷയില്‍ പതിനാറ് മാറകലെ. ദിശകളൊന്നും വ്യക്തമല്ല. പൊന്നാനി ലൈറ്റ് ഹൗസിനെ ലക്ഷ്യം വച്ച് ഇരുവരും നീന്തി. അല്‍പ്പദൂരം കഴിഞ്ഞപ്പോഴേയ്ക്കും സിദ്ധീഖിന് ക്ഷീണം വന്നു തുടങ്ങി. കാലും കയ്യും കൊയ്യണ്ണ്ടടാ……എന്നു പറഞ്ഞു സിദ്ദി. നീന്താന്‍ പരമാവധി ആത്മവിശ്വാസം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു നസറു. അങ്ങനെ ഇരുവരും മുന്നോട്ടു പോയി. ഒടുവില്‍ സിദ്ദി പറഞ്ഞു….ജ് പൊയ്‌ക്കെടാ….കുടിവെള്ളം കരുതിയ കന്നാസും മാറത്തടക്കി നസറു നീന്തി…..പിന്നെ സിദ്ദിയെ കണ്ടിട്ടില്ല.
സിദ്ദി കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമായതോടെ സ്വന്തം ജീവന്‍ രക്ഷിക്കുക എന്ന വഴി മാത്രമായിരുന്നു നസറുദ്ദീന്റെ മുന്നില്‍. ഇരുട്ടു കൂടുകയും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമാകുകയും ചെയ്യുകയാണ്. മനസിലും കണ്ണിലും ഒരൊറ്റ ലക്ഷ്യമായിരുന്നു പൊന്നാനി ലൈറ്റ് ഹൗസ്. ഇനിയും നീന്തണം മണിക്കൂറുകളോളം എന്ന ചിന്ത നസറുദ്ദീനെ ഭയപ്പെടുത്തിയില്ല. നീന്തി കരയ്‌ക്കെത്തുമെന്ന വിശ്വാസമുണ്ടായിരുന്നു. പരമകാരുണ്യവാനായ അള്ളാവുനെയും ഔലിയാക്കളെയും തങ്ങന്‍മ്മാരെയുമെല്ലാം മനസുരുകി വിളിച്ചു. അള്ളാഹു കൈവിടില്ലെന്ന വിശ്വാസം തന്നെയായിരുന്നു നീന്തുമ്പോള്‍ മനസ് നിറയെ. അതുകൊണ്ടു തന്നെ ഒരു അദൃശ്യ ശക്തി തന്നെയും വഹിച്ചു മുന്നോട്ടു പോകുന്നതായാണ് നസറുവിന് തോന്നിയത്. മനസു മുഴുവന്‍ ആ അദൃശ്യശക്തി മാത്രമായിരുന്നു. അങ്ങനെ 17 മണിക്കൂറുകളോളം ഇരുട്ടില്‍ നീന്തി മംഗലാംകുന്ന് കടപ്പുറത്തെത്തി. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നതു പോലെയാണ് മണ്ണില്‍ ചവിട്ടിയപ്പോള്‍ തോന്നിയത്. അതേ 17 മണിക്കൂര്‍ നസറുദ്ദീന്‍ സ്വബോധത്തിലായിരുന്നില്ല. ഏതോ ഒരു അബോധാവസ്ഥയില്‍ കൈകാലുകള്‍ക്ക് ആരോ നീന്താനുള്ള നിര്‍ദേശം കൊടുക്കുകയായിരുന്നു. നിരാലംബരാകുന്ന മനുഷ്യര്‍ക്കു മുന്നില്‍ മാത്രം അവന്‍ പ്രത്യക്ഷപ്പെടുമെന്ന അനുഭവ സാക്ഷ്യമാണ് പങ്കു വയ്ക്കാനുള്ളത്.
ജീവനോടെ തിരിച്ചു വന്ന നസറുവിനെ അഭിനന്ദിക്കാന്‍ നിരവധി പേരെത്തി. എന്നാല്‍ പ്രത്യേകിച്ചൊരു പരിഗണനയോ സഹായമോ കിട്ടിയിട്ടില്ല. 16 മണിക്കൂറോളം കടലിലകപ്പെട്ടിട്ടും ഭയപ്പെടാതെ, തോറ്റു കൊടുക്കാതെ കരയിലേയ്ക്ക് നീന്തിയെത്തിയ ആ നിശ്ചയദാര്‍ഢ്യത്തിന് ഒരു ആദരവ് നല്‍കാന്‍ പോലും സാധിച്ചിട്ടില്ല നമ്മുടെ ജനപ്രതിനിധികള്‍ക്ക്. എങ്കിലും നസറുദ്ദീന് ഇതിലൊന്നും പരിഭവമില്ല. കാരണം ഏറ്റവും വിലയുള്ളത് അള്ളാഹു തിരിച്ചു തന്നല്ലോ. എന്റെ ജീവന്‍….ഇതുപറഞ്ഞു നിര്‍ത്തിയപ്പോള്‍ നസറുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. തിരിച്ചെത്തിയതിനു ശേഷം ഉമ്മ കരഞ്ഞുകൊണ്ടു വിലക്കിയിരുന്നു. ഇനി ഈ പണി വേണ്ടെന്ന്. എന്നാല്‍ വീട്ടില്‍ പ്രാരാബ്ദങ്ങളേറെയുണ്ട്. വീടു പണി പൂര്‍ത്തീകരിക്കണം, തന്റെ സംരക്ഷണ ചുമതലയില്‍ ഉമ്മയും ബാപ്പയും ഒരു പെങ്ങളും മൂന്നനിയന്‍മാരുമുണ്ട്. പണ്ടാര കടപ്പുറത്ത് ഏനിന്റെ പുരയ്ക്കല്‍ ബഷീറിന്റെയും കുഞ്ഞിയുടെയും മകനാണ് 21 വയസുകാരനായ നസറുദ്ദീന്‍. പഠിക്കണമെന്നും നല്ലൊരു ജോലി നേടണമെന്നുമൊക്കെ ആഗ്രഹമുണ്ട്. വീട്ടിലെ പ്രാരാബ്ദം മാത്രമാണതിനു തടസം.