ജോർജുകുട്ടിയും കുടുംബവും ആറ് വർഷത്തിന് ശേഷം; ലൊക്കേഷൻ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്

മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. ത്രില്ലർ വിഭാഗത്തിലിറങ്ങിയ ചിത്രം 2013ൽ കോടികളാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ലൊക്കേഷൻ ചിത്രം സംവിധായകൻ ജീത്തു ജോസഫ് പുറത്തുവിട്ടു.

മോഹൻലാൽ, മീന, ഹൻസിബ, എസ്തർ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ജീത്തു ജോസഫ് പങ്കുവെച്ചിരിക്കുന്നത്. ആറ് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം എന്നാണ് ചിത്രത്തിന് നൽകിയ കുറിപ്പ്. സെപ്റ്റംബർ 21നാണ് ദൃശ്യം 2ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ചിത്രീകരണം. ഷൂട്ടിംഗ് പൂർത്തിയാകുന്നതുവരെ വരെ ആർക്കും പുറത്തു പോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാൽ ഉൾപ്പടെ ചിത്രത്തിലെ എല്ലാവരും ഷെഡ്യൂൾ തീരുന്നതുവരെ വരെ ഒരു ഹോട്ടലിലാകും താമസം.