ജില്ലയിലെ ബാങ്കുകൾ മുൻഗണനാ വിഭാഗത്തിൽ വിതരണം ചെയ്തത് 4062 കോടി

ജില്ലയിലെ ബാങ്കുകൾ മുൻഗണനാ വിഭാഗത്തിൽ 4062 കോടി 2020 ജൂലൈ 30 വരെ വിതരണം ചെയ്തു. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2311 കോടിയും എം എസ് എം ഇ വിഭാഗത്തിൽ 1249 കോടിയും വിതരണം ചെയ്തു. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2020-2021 സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിലെ ബാങ്കിങ് പ്രവർത്തനങ്ങളുടെ അവലോകനമാണ് വീഡിയോ കോൺഫറൻസിലൂടെ ചേർന്നത്.

വായ്പാ നിക്ഷേപാനുപാതം ഉയർത്തി കൊണ്ടു വരുവാനും കോവിഡാനന്തര വികസനത്തിനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവിഷ്കരിച്ച പദ്ധതികളിൽ ബാങ്കുകളുടെ വായ്പ വിതരണം എളുപ്പത്തിലാക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക സ്കീമുകളിലെ ബാങ്കുകളുടെ പ്രവർത്തനം യോഗം വിലയിരുത്തി.

കുടുംബശ്രീ വഴി നടപ്പാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം ലോണിൽ തൃശൂർ ജില്ല 185 കോടി രൂപ വിതരണം ചെയ്ത് സംസ്ഥാനത്ത് ഒന്നാമതെത്തി. 20671 സംഘങ്ങളിലായി 260764 അംഗങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു.

എംഎസ്എംഇ മേഖലയിൽ നടപ്പാക്കിയ ഇ സി ജി എൽ എസ് സ്കീമിൽ ജില്ലയിലെ ബാങ്കുകൾ 8925 അക്കൗണ്ടുകളിൽ 552 കോടി രൂപ വിതരണം ചെയ്തു. 57% യോഗ്യരായ യൂണിറ്റുകൾക്കാണ് ഈ തുക വിതരണം ചെയ്തത്. ബാക്കിയുള്ള യൂണിറ്റുകൾക്കും എത്രയും വേഗം വായ്പ നൽകാൻ യോഗത്തിൽ തീരുമാനമായി.

കെ സി സി ഡയറി സ്കീമിൽ ഇപ്പോൾ നിലവിലുള്ള ക്യാമ്പയിൻ 2020 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായും യോഗം അറിയിച്ചു. ഇതുവരെ 3032 കർഷകർക്ക് 22.87 കോടി രൂപ ഈ വായ്പയിലൂടെ വിതരണം ചെയ്തു. ബാങ്കുകളിൽ നൽകിയിട്ടുള്ള എല്ലാ അപേക്ഷകളും അടിയന്തരമായി പാസാക്കാൻ ഡയറി ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു. തെരുവ് കച്ചവടക്കാർക്കായി ആത്മ നിർഭയർ പാക്കേജ് പ്രകാരം ഏർപ്പെടുത്തിയ വായ്പ പദ്ധതിയിൽ 658 എണ്ണം ഇതുവരെ വിതരണം പൂർത്തിയാക്കിയതായും യോഗം അറിയിച്ചു. അവലോകന യോഗത്തിൽ ഡിഐസി ജി എം ശ്രീകുമാർ, ആർ ബി ഐ എ ജി എം
വിശാഖ് വി വി, കാനറാ ബാങ്ക് റീജിയണൽ ഹെസ് പ്രശാന്ത്, നബാർഡ് എ ജി എം ദീപ എസ് പിള്ള, ലീഡ് ഡിസ്ട്രിക്ട് മാനേജർ കെ കെ അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, വിവിധ ഗവൺമെൻറ് ഡിപ്പാർട്ട്മെൻ്റ് മേധാവികൾ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.