കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു

കണ്ണൂര്‍: കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശ്വാസം മുട്ടലും മറ്റു അസുഖങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് എട്ടിന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സിസേറിയന്‍ നടത്തുകയായിരുന്നു. പക്ഷെ സമീറയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വെന്റിലേറ്ററിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാവുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.