തിരൂർ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി അസത്യങ്ങൾ പ്രചരിപ്പിച്ച് മേനിനടിക്കുന്നു
തിരൂർ: ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസന ജനക്ഷേമപദ്ധതികൾ മുഴുവനും ഒരു വർഷം അധികാരത്തിലിരുന്ന സി പി എം ഭരണ സമിതിയുടേതാണെന്ന പ്രചരണം അസത്യങ്ങൾ പ്രചരിപ്പിച്ച് മേനി നടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ 15 ന് നടത്തിയ ബോർഡ് യോഗത്തിൻ്റെ അജണ്ട നിയമാനുസ്രതം അറിയിക്കാതെ നടത്തിയ യോഗത്തിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതിപക്ഷത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.സ്റ്റാർട്ടപ്പ് സംരംഭകത്വ പദ്ധതിയുടെ കെട്ടിടം 23 ലക്ഷം രൂപ ചെലവഴിച്ച് യുഡിഎഫ് ഭരണസമിതിയാണ് പൂർത്തീകരിച്ചത്.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടപ്പാക്കാൻ സി പി എം ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. 2018-19പദ്ധതി വർഷത്തിലാണ് 15 ലക്ഷം രൂപ ചെലവഴിച്ച് വെട്ടം സി എച്ച് സിയാൽ ഡയാലിസിസ് സെൻ്റർ തുടങ്ങാൻ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് വല വാങ്ങൽ പദ്ധതി, വെട്ടം പഞ്ചായത്തിലെ വാക്കാട് ബീച്ചിൽ 12.7 ലക്ഷം രൂപ ചെലവഴിച്ച് ഫിഷ് ലാൻ്റിംഗ് സെൻ്റർ നടപ്പാക്കിയതും യു ഡി എഫ് ഭരണസമിതിയാണ്. 2016ൽ പിഎംഎ വൈ പദ്ധതി പ്രഖ്യാപിച്ച ഡിസംബറിൽ തന്നെ ഗുണഭോക്താക്കളുടെ സംഗമം നടത്തുകയും, 2017 ജനുവരി മുതൽ എഗ്രിമെൻ്റ് വെച്ച് വെച്ച് നടപ്പിലാക്കിയ ഭവന നിർമ്മാണ പദ്ധതി പ്രകാരമാണ് ബ്ലോക്ക് പഞ്ചായത്ത് 500 ലധികം വീടുകൾ പൂർത്തീകരിച്ച് നൽകാൻ കഴിഞ്ഞത്.2017-18 വർഷത്തിൽ 300 വീടുകൾക്കായി 7 കോടി രൂപയും വകയിരുത്തിയത്.14.5 ലക്ഷം രൂപ ചെലവഴിച്ച് പുറത്തൂർ,വാക്കാട് സി എച്ച്സികളിൽ ഫിസിയോ തെറാപ്പി സെൻ്റർ ആരംഭിച്ചതും, വെട്ടം സി എച്ച് സിയാൽ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കാൻ 20 ലക്ഷം രൂപ വകയിരുത്തിയത്.2018-19 വർഷത്തിലാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കിയത്.നിലവിലെ ഭരണ സമിതി പ്രോട്ടോകോൾ ലംഘനവും, യു ഡി എഫ് മെമ്പർ മാരെ അവഗണിച്ചും, ധിക്കാര സമീപനവുമായാണ് മുന്നോട്ട് പോകുന്നത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഇത്തരം ജനാധിപത്യവിരുദ്ധമായ സമീപനങ്ങൾ തുടർന്നാൽ ഭരണ സമിതിയുടെ പരിപാടികളിൽ നിന്നും വിട്ട് നിന്ന് പ്രതിഷേധിക്കുമെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്വ പി നസ്റുള്ള,ആർ കെ ഹഫ്സത്ത്, ദിൽഷ മുല്ലശേരി, എന്നിവർ പങ്കെടുത്തു.