ബറോസ്’ 2021 ആദ്യവാരത്തോടെ; പുതുവർഷത്തിൽ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുക സ്വന്തം സിനിമയിൽ

തിരുവനന്തപുരം: മോഹന്‍ലാല്‍ 2021ല്‍ ആദ്യം അഭിനയിക്കുന്നത് സ്വന്തം സംവിധാനത്തിലുള്ള സിനിമയില്‍. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരിക്കാനിരുന്ന ബറോസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ഗോവാ ഷെഡ്യൂളായിരിക്കും ആദ്യം. നേരത്തെ കെ.യു മോഹനനനായിരുന്നു ക്യാമറ ചെയ്യാനിരുന്നത്. ഇപ്പോള്‍ കെ.യു.മോഹനനന് പകരം സന്തോഷ് ശിവനാണ് ഛായാഗ്രാഹകനായി എത്തിയിരിക്കുന്നത്.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ത്രീഡിയിലാണ് സിനിമ. ആശിര്‍വാദാണ് ബറോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ വിസ്മയചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് തിരക്കഥ.ദൃശ്യം സെക്കന്‍ഡ് ലൊക്കേഷനിലെത്തി മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയ ചിത്രങ്ങള്‍ സന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സംവിധാന സഹായിയായി ചിത്രത്തിലുണ്ട്.ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുള്ള നിഗൂഢതയാണ് ബറോസ്. പ്രിയദര്‍ശന്‍ ബോധപൂര്‍വമല്ലാതെ പ്രചോദനമായേക്കാമെന്നും മോഹന്‍ലാല്‍. സിനിമക്ക് ആവശ്യമില്ലാത്ത ഒരു ഷോട്ട് പോലും എടുത്ത് സമയം കളയാത്ത ആളാണ് പ്രിയദര്‍ശന്‍. ആ രീതി പിന്തുടരണമെന്നുണ്ട്. ചെയ്യുന്ന സിനിമയെക്കുറിച്ച് വ്യക്തത ഉണ്ടാവുകയെന്നതാണ് വലിയ കാര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ജിജോ എഴുതിവച്ച കഥ തന്നെ കാത്തിരുന്നതായിരിക്കണമെന്ന് മോഹന്‍ലാല്‍. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചതേയില്ലെന്നും ഒരു പ്രതിഭാശാലികള്‍ തന്നെ സഹായിക്കാന്‍ ഒപ്പമുണ്ടെന്നും ലാല്‍ വ്യക്തമാക്കി