കോവിഡ് വ്യാപനം ആശങ്കയാകുമ്പോള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം.
മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കുമ്പോള്‍ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.