നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു.
ദുബായ് : കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് നവംബറിൽ സർവിസ് പുനരാരംഭിക്കുക എന്ന് സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും മാത്രമാണ് സർവിസ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സർവിസുണ്ടാവും. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ് 33 സ്ഥലങ്ങളിലേക്ക് സർവിസ്. തിരിച്ചും ജിദ്ദയിലേക്ക് മാത്രമായിരിക്കും സർവിസ്.ഏഷ്യയിൽ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയിൽ ആറിടങ്ങളിലേക്കും സർവിസ് നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സർവിസുണ്ട്. ആഫ്രിക്കയിൽ ആറ് സ്ഥലങ്ങളിലേക്കും സർവിസ് നടത്തും. കോവിഡ് പ്രോട്ടാക്കോൾ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവിസെന്നും അറിയിപ്പിൽ പറയുന്നു. അതെസമയം ഇന്ത്യയിൽ വിദേശ വാണിജ്യ വിമാന സർവിസിന് ഇനിയും പൂർണാനുമതി ആയിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത ഇനിയും വരാനുണ്ട്.