16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാനവിലയായി ; ലക്ഷം ടണ്‍ വീതം അധിക ഉല്‍പ്പാദനം ലക്ഷ്യം

സംസ്ഥാനത്ത് വര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍വീതം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും അധികമായി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

പുതുതായി കൃഷിയിലേക്ക് വന്നവര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും അടിസ്ഥാനവില പ്രഖ്യാപനം കൈത്താങ്ങാകും.
വര്‍ഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് കരുത്തുപകരാനാണ് നടപടി. രാജ്യത്താകെ കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് നാം കാണുന്നുണ്ട്. ഒരു ബദല്‍ മുന്നോട്ടുവച്ച് കാര്‍ഷിക അഭിവൃദ്ധിക്കുതകുന്ന നടപടികളുമായാണ് സര്‍ക്കാര്‍ നാലരവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്.

ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കും. മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവല്‍, പടവലം, തക്കാളി, ക്യാബേജ്, ബീന്‍സ് തുടങ്ങി നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ പ്രധാന പച്ചക്കറികളും തറവിലനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തി. കൃഷിവകുപ്പിന്റെ പോര്‍ട്ടലില്‍ നവംബര്‍ ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ കൃഷിവകുപ്പിന്റെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വിപണിയിലേക്കും സൊസൈറ്റികളില്‍ അംഗങ്ങളായവര്‍ നിര്‍ദിഷ്ട സൊസൈറ്റികളിലേക്കും ഉല്‍പ്പന്നം എത്തിക്കണം. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1,96,000 ഹെക്ടറിലായിരുന്ന നെല്‍ക്കൃഷി. ഇപ്പോള്‍ രണ്ടേകാല്‍ ലക്ഷം ഹെക്ടറായി. ആഭ്യന്തര പച്ചക്കറി ഉല്‍പ്പാദനം ഇരട്ടിയിലധികമായെന്നും അദ്ദേഹം പറഞ്ഞു.