നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല;ജില്ലാകലക്ടര്
ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികള്‍/ ചടങ്ങുകള്‍ പാടില്ല. കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ത്ഥനകളില്‍ പരമാവധി 40 പേരെ പങ്കെടുപ്പിച്ച് ആരാധനാലയങ്ങളില്‍ നടത്താം. ഇത്തരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ഒരു ആരാധനാലയത്തില്‍ ആകെ ഒരു തവണ മാത്രം നടത്താവുന്നതാണ്. മദ്രസ്സകളില്‍ സാംസ്‌കാരിക ചടങ്ങുകള്‍ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകള്‍ നടത്താന്‍ പാടില്ല. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിതരണം ചെയ്യാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംഘം ചേര്‍ന്ന് ഭക്ഷണം വീടുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളതല്ല. ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ചുമതലപ്പെടുത്തയ പ്രവര്‍ത്തകരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും അവര്‍ ഏതൊക്കെ ഭവനങ്ങളില്‍ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വിട്ട് നില്‍ക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കേണ്ടതും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കുകയും വേണം. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്.