ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു.

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ ഭാഗമാവുക.

മലപ്പുറം : കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ ഭാഗമാവുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്രലാബുകളില്‍ സജ്ജീകരിക്കുന്ന സംവിധാനം വഴി കുറഞ്ഞ ചെലവില്‍ കിണര്‍, കുളം എന്നിവയിലെ ജലഗുണനിലവാര പരിശോധന സാധ്യമാവും. ഓരോ പഞ്ചായത്തിലും ഒരു സ്‌കൂളിലെങ്കിലും ലാബ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി പൊന്നാനി, നിലമ്പൂര്‍, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചും നഗരസഭകളില്‍ തിരൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചും ലാബുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂജലവിഭവ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് രണ്ട് സ്‌കൂളുകളില്‍ ലാബ് സ്ഥാപിക്കുന്നുണ്ട്.

തിരൂര്‍ നഗരസഭയില്‍ തിരൂര്‍ ജി.ബി.എച്ച്.എസ്.എസില്‍ ലാബിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഏഴൂര്‍ ജി.എച്ച്.എസ്.എസില്‍ നിര്‍മാണം പുരോഗമിക്കുന്നു. പൊന്നാനി മണ്ഡലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തൃക്കാവ് ജി.എച്ച്.എസ്.എസ്, മാറഞ്ചേരി ജി.എച്ച്.എസ്.എസ്, പാലപ്പെട്ടി ജി.എച്ച്.എസ്.എസ്, പി.സി.എന്‍ ജി.എച്ച്.എസ്.എസ് മൂക്കുതല എന്നീ സ്‌കൂളുകളില്‍ ലാബ് സ്ഥാപിക്കാനായി ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിലമ്പൂര്‍ ജി.എം.വി.എച്ച്.എസ്.എസ്, പോത്തുകല്‍ കാതോലിക്കേറ്റ് എച്ച്.എസ്.എസ്, എടക്കര ജി.എച്ച്.എസ്.എസ്, പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ലാബ് സ്ഥാപിക്കാനായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ ഓമാനൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ലാബ് സ്ഥാപിക്കാനായി ഒന്നര ലക്ഷം രൂപയും അനുവദിച്ചു. കോട്ടക്കല്‍ നഗരസഭയില്‍ കോട്ടക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് ലാബ് സ്ഥാപിക്കുന്നത്.

സ്‌കൂളുകളിലെ ശാസ്ത്രാധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വീട്ടിലെ കിണറ്റില്‍ നിന്നും നേരിട്ടെടുക്കുന്ന ജലം അണുവിമുക്തമായ ബോട്ടിലില്‍ ശേഖരിച്ചാണ് പരിശോധനക്ക് എത്തിക്കേണ്ടത്. ലാബില്‍ സാമ്പിളിന് നമ്പറും ഡേറ്റും നല്‍കിയ ശേഷം ജലത്തിന്റെ നിറം, മണം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിധ്യം, ഖരപദാര്‍ത്ഥങ്ങള്‍, നൈട്രേറ്റ്, അമോണിയ, ടോട്ടല്‍ കോളിഫോം എന്നിവ പരിശോധിക്കും. പരിശോധിച്ച കാര്യങ്ങള്‍ അപ്ലിക്കേഷനില്‍ അടയാളപ്പെടുത്തിയ ശേഷം ജലസാമ്പിള്‍ കൊണ്ട് വന്ന ആള്‍ക്ക് പരിശോധന വിവരങ്ങളടങ്ങിയ വാട്ടര്‍കാര്‍ഡ് കൈമാറും. ഒരു ലാബിന് രണ്ട് ലക്ഷത്തില്‍ താഴെയെ ചെലവ് വരുന്നുള്ളൂ. ലാബ് നിര്‍മിക്കുന്നതും എസ്റ്റിമേറ്റ് തയാറാക്കുന്നതും സര്‍ക്കാര്‍ സ്ഥപനമായ കെ.ഐ.ഐ.ഡി.സിയാണ്.