സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി

ചെന്നൈ: സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. സിനിമാ തീയേറ്ററുകൾക്ക് നവംബർ പത്ത് മുതൽ തുറക്കാം. സ്കൂളുകളിൽ ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ഉണ്ടാവുക. കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ നവംബർ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

ആരോഗ്യ വിദഗ്ധരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ബുധനാഴ്ച ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതിനെ തുടർന്നാണ് സ്കൂളുകൾ അടക്കമുള്ളവ തുറക്കാനുള്ള തീരുമാനം. മൾട്ടിപ്ലക്സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും അടക്കമുള്ളവയ്ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബർ പത്ത് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂളുകളുടെയും കോളേജുകളുടെയും എല്ലാ ഹോസ്റ്റലുകൾക്കും 16 മുതൽ തുറന്ന് പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ചെന്നൈയിലെ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴവർഗങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രം നവംബർ രണ്ട് മുതൽ കോയമ്പേട് മാർക്കറ്റിലേക്ക് മാറ്റാൻ അനുമതി നൽകി. കോയമ്പേട് മാർക്കറ്റിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ചില്ലറ വിൽപ്പന നവംബർ 16 മുതൽ മൂന്ന് ഘട്ടങ്ങളായി പുനരാരംഭിക്കും. സബർബൻ തീവണ്ടി സർവീസ് പുനരാരംഭിക്കുന്ന കാര്യം കേന്ദ്ര സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾകൂടി പരിഗണിച്ച് തീരുമാനിക്കും. 150 പേരെ മാത്രം ഉൾപ്പെടുത്തി സിനിമാ ഷൂട്ടിങ് നടത്താം. പൊതുജനങ്ങൾക്ക് ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല.

മത ചടങ്ങുകൾ, സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾ എന്നിവ നവംബർ 16 മുതൽ 100 പേരെമാത്രം പങ്കെടുപ്പിച്ച് നടത്താം. വിവാഹ, ശവസംസ്കാര ചടങ്ങുകളിൽ നൂറിലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. പ്രായമുള്ളവർക്കും നവംബർ ഒന്നു മുതൽ ജിംനേഷ്യങ്ങളിൽ എത്താം. എന്റർടെയ്ൻമെന്റ്/അമ്യൂസ്മെന്റ് പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, മൃഗശാലകൾ, മ്യൂസിയങ്ങൾ എന്നിവയ്ക്കും നവംബർ പത്ത് മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും.

 

 

നീന്തൽ കുളങ്ങളും ബീച്ചുകളും തുറക്കില്ല

 

നീന്തൽ കുളങ്ങൾ, ബീച്ചുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നത് ഒഴികെയുള്ള രാജ്യാന്തര വിമാന യാത്രകൾ അനുവദിക്കില്ല. പുതുച്ചേരിയിലേക്കും ഊട്ടി, കൊടൈക്കനാൽ, യേർക്കാട് എന്നിവിടങ്ങളിലേക്കും ഒഴികെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്ക് പുറത്തുനിന്ന് വരുന്നവർക്ക് ഇ – രജിസ്ട്രേഷൻ തുടരും.