മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു.

ബിനീഷ് കോടിയേരി വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് സി.പി.എം വിടാനുള്ള തീരുമാനമെടുത്തതെന്ന് .

കൊച്ചി; മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എബ്രഹാം ലോറൻസിന്റെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

സി.പി.എം ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്നും ബി.ജെ.പിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും എബ്രഹാം ലോറൻസ് മാധ്യമങ്ങളോട് പറഞ്ഞു.ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്നും അടുത്ത ദിവസം അദ്ദേഹം ഓൺലൈനായായി അംഗത്വം സ്വീകരിക്കും.തനിക്ക് സിപിഎം അംഗത്വമുണ്ടായിരുന്നുവെന്നും ബിനീഷ് കോടിയേരി വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് സി.പി.എം വിടാനുള്ള തീരുമാനമെടുത്തതെന്നും എബ്രഹാം ലോറൻസ് വ്യക്തമാക്കി.

ബിജെപിയിൽ ചേരുന്ന കാര്യം അച്ഛനോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോട് എല്ലാ കാര്യങ്ങളും അച്ഛനോട് ചോദിച്ചിട്ട് ചെയ്യേണ്ട പ്രായം കഴിഞ്ഞെന്നായിരുന്നു മറുപടി.

അതേസമയം, മകൻ്റെ നിലപാടിനോട് യോജിപ്പില്ലെന്ന് എം.എം.ലോറൻസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പാർട്ടി വിടാൻ നിലവിൽ എബ്രഹാം പാർട്ടി അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.