മലപ്പുറം ജില്ലയില്‍ 467 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുആശ്വാസമായി 945 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 440 പേര്‍ക്ക് വൈറസ്ബാധ22 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധഒരു ആരോഗ്യ പ്രവര്‍ത്തകനും വൈറസ്ബാധരോഗബാധിതരായി ചികിത്സയില്‍ 8,657 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 60,353 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ രണ്ട്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യത്തുനിന്ന് എത്തിവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ജില്ലയില്‍ കുറയുന്നത് ആശ്വാസകരമാണ്. എങ്കിലും രോഗ വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് ഇന്ന് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 43,946 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

 

നിരീക്ഷണത്തില്‍ 60,353 പേര്‍

 

60,353 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,657 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 706 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 500 പേരും 318 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 238 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്. ജില്ലയില്‍ ഇതുവരെ 2,69,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 1,578 സാമ്പിളുകളുടെ ഫലം ലഭ്യമാകാനുണ്ട്.

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

 

രോഗവ്യാപന സാധ്യത സജീവമായിരിക്കുമ്പോള്‍ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീനില്‍ കഴിയണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.