മലയാളികൾ ഉൾപ്പെടെ പത്തുപേരെ മയക്ക് മരുന്നുമായി അറസ്റ്റ് ചെയ്തു.

90 ലക്ഷം രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

ബംഗളൂരു: ഡാർക്ക് വെബിലൂടെ ബിറ്റ്കോയിൻ ഉപയോഗിച്ച് മയക്കുമരുന്ന് വസ്തുക്കൾ എത്തിച്ച രണ്ട്​ മലയാളികൾ ഉൾപ്പെടെ പത്തുപേരെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്​റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ഫീനിക്‌സ് ഡിസൂസ (24), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ബൈജു (20), ബംഗളൂരു എച്ച്.ബി.ആര്‍ ലേഔട്ട് സ്വദേശി മുഹമ്മദ് തുസാരി (25), അള്‍സൂര്‍ സ്വദേശി റുമാന്‍ ഹംസമിന (25), ജെ.പി. നഗര്‍ സ്വദേശി കാര്‍ത്തിക് ഗൗഡ (24), വിജയനഗര്‍ സ്വദേശി നിതിന്‍ (24), എച്ച്.എസ്.ആര്‍ ലേഔട്ട് സ്വദേശി സാര്‍ഥക് ആര്യ (31), മാർത്തഹള്ളി സ്വദേശി ജൂണ്‍, ഇന്ദിരാനഗര്‍ സ്വദേശി പാലഗുഡ വെങ്കട വരുണ്‍ (33), നൈജീരിയന്‍ സ്വദേശി സണ്ണി എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി സി.സി.ബി നടത്തിയ പരിശോധനയിലാണ് പത്തംഗ സംഘം പിടിയിലായത്. ഇവർ താമസിച്ച സ്ഥലങ്ങളിലായിരുന്നു റെയിഡ്. 660 എല്‍.എസ്.ഡി സ്ട്രിപ്‌സ്, 560 എം.ഡി.എം.എ ഗുളികകള്‍, 12 ഗ്രാം എം.ഡി.എം.എ ക്രിസ്​റ്റല്‍, 10 ഗ്രാം കൊക്കെയ്ൻ തുടങ്ങിയ 90 ലക്ഷം രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. പ്രതികളിൽനിന്ന് 12 മൊൈബൽ ഫോണുകളും മൂന്നു ലാപ്ടോപ്പുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.

പാഴ്‌സലായി ഇന്ത്യയിലേക്ക് വരുന്ന സമ്മാനപ്പെട്ടികളിലായിരുന്നു ലഹരിമരുന്ന് കടത്തിയിരുന്നതെന്നും നഗരത്തിലെ കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവ വിതരണം ചെയ്തിരുന്നതെന്നും പ്രതികൾ മൊഴി നൽകി.