സര്‍ക്കാര്‍ വാക്കുപാലിച്ചു; മനസ്സ് നിറഞ്ഞ് അവര്‍ തുക ഏറ്റുവാങ്ങി

മലപ്പുറം:ദേശീയപാത വികസനത്തിനായി ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. നഷ്ടപരിഹാരമായി ഒന്നും കിട്ടില്ലെന്ന് പ്രചരിപ്പിച്ചവരുണ്ടെന്നും തനിക്ക് അന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. വികസനം വേണം. റോഡുകളും സൗകര്യങ്ങളുമുണ്ടാവണം. അത് വരും തലമുറയ്ക്ക് വേണ്ടിയാണെന്നും ദേശീയപാത വികസനത്തിനെതിരായ പ്രചാരണങ്ങളെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെടി ജലീലില്‍ നിന്ന് തുക ഏറ്റുവാങ്ങിയ ശേഷം അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

മൂടാല്‍ സ്വദേശിയായ സാബിറയാണ് ഇന്ന് നടന്ന ചടങ്ങില്‍ ഏറ്റവും കൂടുതല്‍ തുക നഷ്ടപരിഹാരമായി കൈപ്പറ്റിയത്. രണ്ട് കോടി മൂന്ന് ലക്ഷത്തി നാല്പത്തി അയ്യായിരത്തി അമ്പത്തിയെട്ട് രൂപ. വാണിജ്യകെട്ടിടവും സ്ഥലവുമാണ് ദേശീയ പാത വികസനത്തിനായി സാബിറ വിട്ടുനല്‍കിയത്. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ ചിലര്‍ പിന്തിരിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇന്ന് ചെക്ക് കയ്യില്‍ കിട്ടിയപ്പോള്‍ മനസ്സ് നിറഞ്ഞുവെന്നും അത് നിരാശപ്പെടുത്തിയവര്‍ക്കുള്ള മറുപടിയായെന്നും സാബിറ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് സാബിറയും കുടുംബവും മടങ്ങിയത്.