യു ഡി എഫ് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും

വിജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും യുഡിഎഫ് വിജയം കൈവരിക്കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

മലപ്പുറം : യു ഡി എഫിനെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും കൂടുതല്‍ വിജയങ്ങള്‍ കരസ്ഥമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ മലപ്പുറം ജില്ലാ യു ഡി എഫ് നേതൃ സംഗമം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ അധ്യക്ഷത വഹിച്ചു.

വിജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും യുഡിഎഫ് വിജയം കൈവരിക്കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെ തന്നെയാണ് സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് അനുകൂല തരംഗമാണുള്ളത്.

ഇടതു സര്‍ക്കാര്‍ കിട്ടിയ അവസരത്തിലെല്ലാം അഴിമതി നടത്തുകയാണ് ഏത് പദ്ധതിയിലും അഴിമതി മാത്രം ലക്ഷ്യമിടുന്ന ഈ സര്‍ക്കാറിന് കനത്തെ തിരിച്ചടി വരുന്ന തെരഞ്ഞെടുപ്പുകളില്‍ നേരിടേണ്ടി വരും. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അഴിമതിക്കാരായ ഇടതു സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പൊതുജനം തയ്യാറാകണമെന്ന് യു ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

മലപ്പറം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാണെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.യു ഡി എഫ് ശക്തി തെളിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ എല്ലാ നയങ്ങളും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വിഷയമാക്കി മാറ്റുമെന്നും കുഞ്ഞാലിക്കുട്ടി തുടര്‍ന്നു പറഞ്ഞു. തികഞ്ഞ അഴിമതിക്കാരും മാഫിയ തലവന്മാരുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. കേരള ജനതയും ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞിണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ച് പ്രചരണം ശക്തിപ്പെടുത്തിയാല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി എം പി തുടര്‍ന്നു പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയം ഉറപ്പു വരുത്താന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന്റെ പാതയില്‍ സഞ്ചരിച്ചിരുന്ന സിപിഎം നേതാക്കളിപ്പോള്‍ മയക്കുമരുന്നു വില്‍പ്പനയിലും സ്വര്‍ണ്ണക്കള്ളക്കടത്തിലേക്കും തിരിഞ്ഞിരിക്കയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

നാലര വര്‍ഷകാലം കട്ടുമുടിച്ച സംസ്ഥാന സര്‍ക്കാറിനുള്ള കനത്ത തിരിച്ചടി നല്‍കാന്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്ന് മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയുഡിഎഫിന്റെ ശക്തികേന്ദ്രമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രകടമാവുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എ പി അനില്‍കുമാര്‍ എം എല്‍ എ പി ജെ ജോസഫ്, കെ പി എ മജീദ്, പി കെ ബഷീര്‍ എം എല്‍ എ, മഞ്ഞളാംകുഴി അലി എം എല്‍ എ, തോമസ് ഉണ്ണിയാടന്‍ , വി എ കരീം തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തു.