പോലിസ് വേഷത്തിലെത്തി കവര്‍ച്ച; മലയാളികള്‍ അടങ്ങുന്ന സംഘം പിടിയില്‍

ഒന്നര വർഷം മുൻപും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.

റിയാദ്:സൗദിയിലെ അല്‍ഖോബാറില്‍ പോലിസ് വേഷത്തിലെത്തി മലയാളികളടങ്ങുന്നവരുടെ താമസസ്ഥലം കൊള്ളയടിച്ച സംഘം പിടിയില്‍. രണ്ട് മലയാളികളും ഒരു സിറിയന്‍ പൗരനും രണ്ട് സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രാത്രി 10ന് അല്‍ഖോബാര്‍ ഷിമാലിയയയില്‍ ഫൈസല്‍ സ്ട്രീറ്റിലെ എട്ടാംനമ്പര്‍ ക്രോസിനടുത്ത് ഒരു കമ്പനിയിലെ 11ഓളം തൊഴിലാളികള്‍ താമസിക്കുന്നിടത്താണ് മോഷണം നടന്നത്. രണ്ട് പേര്‍ പോലിസ് വേഷത്തിലായിരുന്നു. ഒരാള്‍ ടീ-ഷര്‍ടും ജീന്‍സും ധരിച്ചിരുന്നു. മറ്റുള്ള രണ്ട് പേര്‍ തോക്കുധാരികളായിരുന്നുവത്രേ.

മുറിയിലേക്ക് കടന്നുവന്ന ഇവരുടെ പക്കല്‍ തോക്കും വിലങ്ങും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും സംശയം തോന്നിയില്ല. മുറിയിലേക്ക് പ്രവേശിച്ച ഉടനെ തോക്കുചൂണ്ടി വിവിധ മുറികളില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഒരുമുറിയിലാക്കി പൂട്ടുകയും എല്ലാവരുടേയും ഇഖാമകളും 13ഫോണുകളും കൈക്കലാക്കുകയും ചെയ്തു. ശേഷം മുറികള്‍ മുഴുവന്‍ പരിശോധിച്ച സംഘം പലരുടേയും പഴ്സുകളില്‍ നിന്നായി 10,000ലധികം റിയാലും കൈക്കലാക്കി.

അലമാരയില്‍ സൂക്ഷിച്ചിരുന്ന പഴയ പാസ്പോര്‍ട്ടുകളും ഇവര്‍ തട്ടിയെടുത്തു. വെള്ളനിറത്തിലുള്ള വാഹനത്തിലാണ് സംഘമെത്തിയതെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. ഇവര്‍ പോയ ഉടനെ വിവരം സ്പോണ്‍സറെ അറിയിച്ചു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്. തുടര്‍ന്നാണ് രണ്ട് മലയാളികളേയും, ഒരു ഈജിപ്ഷ്യനെയും പോലിസ് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്ന രണ്ട് സ്വദേശികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് ഇതേ മുറിയില്‍ താമസിച്ചിരുന്ന കൊടുവള്ളി സ്വദേശിയില്‍ നിന്ന് സമാനമായ രീതിയില്‍ സംഘം ഒന്നരലക്ഷം റിയാല്‍ തട്ടിയെടുത്തിരുന്നു. ഇയാളെ തേടിതന്നെയാണ് സംഘം ഇത്തവണയും എത്തിയതെന്നാണ് സൂചന.