വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന ആദ്യ വീടിന്റെ താക്കോൽ ദാനം ഡോ. എൻ മുഹമ്മദലി നിർവ്വഹിച്ചു.

വളാഞ്ചേരി : കൂട്ടായ്മയിലെ അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. കാട്ടിപ്പരുത്തിയിൽ താമസിക്കുന്ന ഒരു നിർദ്ധന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്.

കൂട്ടായ്മയിലെ അംഗങ്ങളുടെ ശ്രമഫലമായാണ് വീട് നിർമ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്.

വളാഞ്ചേരിയിലെ ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ വേറിട്ടു നിൽക്കുന്ന കൂട്ടായ്മയാണ് വളാഞ്ചേരീസ് കൂട്ടായ്മ. ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് ഏറ്റവും അർഹതപ്പെട്ടവരിലേക്ക് വളാഞ്ചേരീസ് കൂട്ടായ്മ വഴി ഇതിനകം നൽകാനായത്.

പ്രളയ കാലത്തും കോവിഡ്കാല ലോക്ക് ഡൗൺ സമയത്തും വളാഞ്ചേരീസ് കൂട്ടായ്മ നൽകിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടേറെയാണ്. നിരവധി സാംസ്കാരിക ഇടപെടലുകളും കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും നടക്കുന്ന ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടി സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.

കക്ഷി രാഷ്ട്രീയത്തിനതീതമായി, വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യർ നേതൃത്വം നൽകുന്നതാണ് വളാഞ്ചേരീസ് കൂട്ടായ്മ. ഡോ. എൻ എം മുജീബ് റഹ്‌മാൻ ആണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.

ഇപ്പോൾ വലിയകുന്നിൽ മറ്റൊരു വീടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. വളാഞ്ചേരിയിൽ താമസിക്കുന്ന വിധവകളായ രണ്ട് സഹോദരിമാർക്കാണ് ഈ വീടൊരുങ്ങുന്നത്.

ഓരോ വീട് നിർമ്മാണം കഴിയുമ്പോഴും മറ്റൊരു വീടിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. സമൂഹത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവർക്ക് കഴിയുന്നത്ര സഹായം നൽകുക എന്നത് മാത്രമാണ് ഉദ്ദേശം.