കോവിഡ് ബാധിച്ചവർക്കും വോട്ടു ചെയ്യാം; പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരുമണിക്കൂർ അവർക്കായി നീക്കിവെക്കും.
തിരുവനന്തപുരം:വോട്ടെടുപ്പ് ദിവസമോ അതിനു രണ്ടുദിവസംമുമ്പോ കോവിഡ് ഉൾപ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവർക്കും സമ്പർക്കവിലക്ക് (ക്വാറന്റീൻ) നിർദേശിക്കപ്പെട്ടവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരുമണിക്കൂർ (അഞ്ചുമുതൽ ആറുവരെ) അവർക്കായി നീക്കിവെക്കും.
നിയമപ്രകാരം പോളിങ് സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ്. ഇതിൽനിന്ന് ഒരുമണിക്കൂർ പ്രത്യേകം മാറ്റാൻ കേരള പഞ്ചായത്തീരാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തും. ഇതിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
രോഗബാധയുള്ളവർക്കും സമ്പർക്ക വിലക്കുള്ളവർക്കും തപാൽ വോട്ടിനുള്ള അവസരമാണ് ഇപ്പോഴുള്ളത്. എന്നാൽ, തപാൽ വോട്ടിന് മൂന്നുദിവസം മുമ്പോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന അതിലും കുറഞ്ഞ സമയത്തിനകമോ റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം. പോസ്റ്റൽ വോട്ട് അടയാളപ്പെടുത്തിയ വോട്ടർപട്ടിക പോളിങ് ദിവസത്തിന് രണ്ടുദിവസംമുമ്പ് മുദ്രചെയ്ത് നൽകുകയും വേണം.
തിരഞ്ഞെടുപ്പ് ദിവസമോ അതിനു രണ്ടുദിവസം മുമ്പോ രോഗബാധിതരാകുന്നവർക്കും സമ്പർക്ക വിലക്ക് നിർദേശിക്കപ്പെട്ടവർക്കും ഇതുകാരണം വോട്ടുചെയ്യാൻ കഴിയില്ല. ഇക്കാരണത്താലാണ് നിയമം ഭേദഗതി ചെയ്യുന്നത്.
പി.പി.ഇ. കിറ്റും ഫെയ്‌സ് ഷീൽഡും പരിഗണനയിൽ
വോട്ടുചെയ്യാനെത്തുന്ന കോവിഡ് രോഗികൾക്ക് പി.പി.ഇ. കിറ്റിനും ഫെയ്‌സ് ഷീൽഡിനും അനുമതി നൽകുക, നിശ്ചിത സമയത്തേക്ക് ബൂത്തുകളിൽ പ്ലാസ്റ്റിക് ഷീറ്റോ മറ്റോ ഉപയോഗിച്ച് പ്രത്യേക മറയൊരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പിന്റെ പരിഗണനയിലുള്ളത്.