വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്.

ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനായി വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. ഇതു പ്രകാരം ഇനിമുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കി. ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുള്ളതും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.

 

കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്ത മതസംഘടനകള്‍ എന്നിവര്‍ക്ക് വിദേശ സംഭാവന നിബന്ധനകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍ജിഒ ഭാരവാഹികള്‍ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്‍കുന്നവരില്‍ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. എഫ്‌സിആര്‍എ അക്കൗണ്ട് ഉണ്ടെങ്കിലും മുന്‍കൂര്‍ അനുമതിയോടെ മാത്രമേ വിദേശസഹായം സ്വീകരിക്കാന്‍ പറ്റൂ. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്‍കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

 

ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാന്‍ പാടില്ല എന്ന നിര്‍ദേശവുമുണ്ട്. കൂടാതെ, സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കില്‍ ഭരണസമിതി അംഗങ്ങളോ സംഭാവന നല്‍കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആകരുത് എന്നും നിബന്ധനയുണ്ട്.