ഇനി മുതൽ മാസ്ക്ക് ധരിക്കാതിരുന്നാൽ പിഴ ₹500

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്.

പൊതുഇടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ നിലവിലുള്ള പിഴ 200-ൽ നിന്നും 500-ആയി ഉയർത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് ഇനി മുതൽ 5000 രൂപ വരെയും പിഴ ശിക്ഷ ഉയർത്തിയിട്ടുണ്ട്. ക്വാറന്റീൻ ലംഘനം, ലോക്ഡൗൻ ലംഘനം നിയന്ത്രണം ലംഘിച്ചു കൂട്ടം കൂടൽ എന്നിവയ്ക്ക് ഇനി മുതൽ വർധിപ്പിച്ച പിഴ അടയ്ക്കണം.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞ നിലയിലാണ്. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി പത്തിന് താഴെയാണ്. നിലവിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 95000-ത്തിൽ നിന്നും 75000-ത്തിൽ എത്തിയിട്ടുണ്ട്.