ശോഭ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ നീക്കം

ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.

സംസ്ഥാന ബിജെപിയിലെ പോരിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ ഫോർമുലയുമായി ബിജെപി. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

 

സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് ഒത്തുതീർപ്പ് ഫോർമുല ഒരുങ്ങുന്നത്. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി അനുനയിപ്പിക്കാനാണ് നീക്കം. നേരത്തെ ഉപാധ്യക്ഷനായിരുന്ന എ.എൻ. രാധാകൃഷ്ണനെ ഇത്തരത്തിൽ കോർ കമ്മിറ്റി അംഗമാക്കി പ്രശ്‌നപരിഹാരം കണ്ടിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവിൽ പി.എം. വേലായുധനെ പരിഗണിക്കാനാണ് ആലോചന.

 

അതേസമയം, പരസ്യപ്രതികരണം നടത്തിയവർക്ക് വഴങ്ങുന്നത് പിന്നീട് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഔദ്യോഗിക പക്ഷത്തിനുണ്ട്. എന്നാൽ പ്രശ്‌നപരിഹാരം വേണമെന്ന ആർഎസ്എസ് സമ്മർദം ബിജെപിക്ക് മുകളിലുണ്ട്. പുതിയ ഒത്തുതീർപ്പ് ഫോർമുലയിൽ ആർഎസ്എസും തൃപ്തരാണെന്നാണ് സൂചന. അന്തിമ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളും.