വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് നടത്തിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
തിരൂർ: പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ച വോട്ടർമാരെ അടക്കം വെട്ടി നീക്കി വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് നടത്തിയതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.. ചില പഞ്ചായത്ത് ജീവനക്കാരാണ് ക്രമകേടിന് കൂട്ടുനിന്നതെന്ന് പരാതി.
പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നൽകിയ അപേക്ഷയിൽ പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ചവയടക്കം ഉൾപ്പെടുത്താതെയും മറ്റു പഞ്ചായത്തുകളിലെ താമസക്കാരായ ലീഗ് പ്രവർത്തകരെ വ്യാപകമായി ലിസ്റ്റിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ചാണ് എൽഡിഎഫ് പ്രവർത്തകർ ഉപരോധസമരം നടത്തിയത്. പഞ്ചായത്ത് 23 ആം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ നാസർ പരപ്പിലിന്റെ വീട്ടിലെ അംഗങ്ങളെ പോലും ലിസ്റ്റിൽ ഉൾപ്പെട്ടില്ല. വോട്ട് ചേർക്കുന്ന വിചാരണയിൽ എല്ലാ രേഖകളുമായി എത്തിയവരും വോട്ടെഴ്സ് ലിസ്റ്റിൽ ഉൾപ്പെടാത്തതിനെ തുടർന്നാണ് ലിസ്റ്റിൽ ക്രമക്കേട് നടന്നുവെന്ന സംശയത്തെ തുടർന്ന്
എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറി വേണുഗോപാലിനെ ഉപരോധിച്ചത്. പകൽ 10 ന് ആരംഭിച്ച സമരം വൈകിട്ട് വരെ നീണ്ടുനിന്നു. സമരത്തെ തുടർന്ന് അപേക്ഷകൾ പരിശോധിച്ചപ്പോൾ സെക്രട്ടറി അംഗീകരിച്ചവയടക്കം നീക്കം ചെയ്തതതായി തെളിഞ്ഞു. ലീഗ് ഭരണ സമിതിയും ചില പഞ്ചായത്ത് ജീവനക്കാരുമാണ് ഈ ക്രമക്കേടിന് പിന്നിലെന്ന് വ്യക്തമായതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകി. ഇതേ തുടർന്ന് സെക്രട്ടറി ഡി ഡി പിയുമായും തിരഞ്ഞെടുപ്പ് കമ്മീഷനുമായും ബന്ധപ്പെട്ട് 38 ഓളം പേരുടെ അപേക്ഷകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.സംഭവവുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. ഉപരോധസമരത്തിന് പി മുഹമ്മദ് താഴത്തറ, കെ പി അലവി, ഷൈജു തിരുനാവായ എന്നിവർ നേതൃത്വം നൽകി.