വഴിയെച്ചൊല്ലി തര്‍ക്കം: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധിക മരിച്ചു

ചെങ്ങന്നൂര്‍: വീട്ടിലേക്കുള്ള നട വഴിയെച്ചൊല്ലി കോടതിയില്‍ നടന്ന കേസിന്റെ വിധി എതിരായതിനെ തുടര്‍ന്നുണ്ടായ മനോവിഷമം താങ്ങാനാവാതെ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വയോധിക ആശുപത്രിയില്‍ മരിച്ചു. 

 

പെണ്ണുക്കര വടക്ക് പൂമല വയേത്തു പുതിയപുരയില്‍ ലിസ്സാമ്മ(72) ആണ് മരിച്ചത്. വീടിന്റെ സമീപത്തെ പുരയിടത്തില്‍ കൂടിയുള്ള വഴിയെച്ചൊല്ലി ദീര്‍ഘനാള്‍ കോടതിയില്‍ നടന്ന കേസ്സില്‍ കഴിഞ്ഞ ദിവസം വസ്തുവിന്റെ ഉടമയും എതിര്‍കക്ഷിയുമായ ആലാ പൂമല ശ്രീരംഗത്ത് കേശവപിള്ളയ്ക്ക് അനുകൂലമായാണ് കോടതിവിധി ഉണ്ടായത്.

 

ഇതേ തുടര്‍ന്ന് ഉടമയും പരിവാരങ്ങളുംവ്യാഴാഴ്ച രാവിലെ വഴി അടച്ച് മതില്‍ കെട്ടാനെത്തിയപ്പോളാണ് കേസ് നടത്തിയ വയോധിക തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് വെച്ചായിരുന്നുആത്മഹത്യാശ്രമം.

 

തുടര്‍ന്ന് 60 ശതമാനത്തിലേറെ പൊള്ളലേറ്റ വയോധികയെഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ മരിച്ചു. ലിസാമ്മയുടെ ശരീരത്തില്‍ തീ ആളിപിടിക്കുന്നതുകണ്ട വസ്തു  ഉടമയുടെ ഡോക്ടറായ മകനും ഒപ്പം ഉണ്ടായിരുന്ന പണിക്കാരും ചേര്‍ന്ന് തീയണച്ചാണ്ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ചെങ്ങന്നൂര്‍ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം: ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. മക്കള്‍: ഷേര്‍ളി, ഷിബു രാജ്, ഷീബ. മരുമകന്‍: സാം.