ഒരു വാർഡിൽ മൂന്നുഹസീനമാർ : കൗതുകം നിറഞ്ഞ് ഒതുക്കൽ ഗ്രാമപഞ്ചായത്ത്

 

മലപ്പുറം: ഒരേ വാർഡിൽ ഒരേ പേരിൽ മൂന്നു സ്ഥാനാർത്ഥികൾ, ഇതിൽ രണ്ടുപേരുടെ വീട്ടുപേരും ഒരുപോലെ. മലപ്പുറം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് തെക്കുമുറിയിലാണ് ഈ കൗതുകം. കുരുണിയൻ ഹസീന എന്ന് പേരുള്ള എൽഡിഎഫ് സ്ഥാനാർഥിയും അതേപേരുള്ള യുഡിഎഫ് സ്ഥാനാർഥിയും എസ്‌ഡിപിഐ സ്ഥാനാർഥിയായ ഹസീന കൈതക്കലുമാണ് ഒരേ വാർഡിൽ ഏറ്റുമുട്ടുന്നത്.ഇടതുപക്ഷ സ്ഥാനാർഥിയായി രംഗത്ത് ഇറങ്ങിയ കുരുണിയൻ ഹസീന ഇത് രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം വാർഡിൽ മത്സരത്തിന് ഇറങ്ങിയ ഇടതുപക്ഷ സ്ഥാനാർഥി ഇത്തവണ സ്വന്തം വാർഡിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി കുരുണിയൻ ഹസീന മൂന്നാം തവണയാണ് വാർഡിൽ മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി, ഉപാധ്യക്ഷൻ സ്ഥാനത്തെത്തിയിരുന്നു.

പേരിലല്ല കാര്യം, ചിഹ്നത്തിലാണ് വോട്ടർമാരുടെ പ്രതീക്ഷയെന്നും സ്ഥാനാര്‍ഥികള്‍ . എസ്‌.ഡിപിഐ സ്ഥാനാർഥിയായ ഹസീന കൈതക്കൽ രണ്ടാം തവണയാണ് ജനവിധി തേടുന്നത്. മൂന്ന് ഹസീനമാർ തമ്മിൽ മത്സരം ശക്തമാകുന്നതോടെ ഏത് ഹസീന ജയിക്കുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാരും.