ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു

വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ബെൽ വ്യൂ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. 85 വയസായിരുന്നു. ഒക്ടോബർ 6നാണ് കോവിഡ് ബാധയെ തുടർന്ന് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 14ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സത്യജിത് റേ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ചാറ്റർജി ബംഗാളി സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായാണ് അറിയപ്പെടുന്നത്. 1935 ൽ കൊൽക്കത്തയിൽ ജനിച്ച സൗമിത്ര 1959 ൽ സത്യജിത് റേയുടെ ദി വേൾഡ് ഓഫ് അപു (അപൂർ സൻസാർ) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യജിത് റേയ്ക്കൊപ്പം 14 സിനിമകളിൽ പ്രവർത്തിച്ചിട്ടുളള അദ്ദേഹത്തിന് ഒരുതവണ ദേശീയ പുരസ്കാരവും രണ്ട് തവണ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്. 2012ൽ ദാദസാഹിബ് ഫാൽക്കേ പുരസ്കാരവും ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സൗമിത്ര ചാറ്റർജി.