യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർ.എം.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
പന്തീരാങ്കാവ്: യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർ.എം.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക. പൊലീസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്വമെന്ന് ആർഎംപി അറിയിച്ചു.
കോഴിക്കോട് നഗരസഭയിലെ 61 ആം വാർഡായ വലിയങ്ങാടിയിൽ അലന്റെ അച്ഛൻ ഷുഹൈബ് മത്സരിക്കുമെന്നാണ് ആർ.എം.പി നേതൃത്വം ഇന്ന് പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും ആർ.എംപി സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. എൽജെഡിയുടെ തോമസ് മാത്യുവാണിവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. നേരത്തെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. അറസ്റ്റിലാകുമ്പോൾ സിപിഐഎം അംഗമായിരുന്ന അലനെ പിന്നീട് പാർട്ടി പുറത്താക്കിയിരുന്നു. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ അറസ്റ്റിലായ ശേഷം ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നത് ഒഴിച്ചാൽ ഒരിക്കൽ പോലും പരസ്യമായി പാർട്ടിയെ അലന്റെ കുടുംബം തള്ളിപ്പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ആർ.എം.പി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ഷുഹൈബിന്റെ തീരുമാനം ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കും. സ്ഥാനാത്ഥിത്വം സ്ഥിരീകരിച്ച ഷുഹൈബ് വൈകീട്ടോടെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചിട്ടുണ്ട്.