പത്രിക സമര്‍പ്പണം തൊട്ട് ഫലപ്രഖ്യാപനം വരെ എല്ലാം കരുതലോടെ വരണാധികാരി ഉപവരണാധികാരിമാര്‍ കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

മലപ്പുറം:കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിനായി ആശങ്കകള്‍ക്കിടയില്ലാത്ത പ്രതിരോധ നടപടികളുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ ഫലം പ്രഖ്യാപനം വരെ നീളുന്ന ഓരോ ഘട്ടങ്ങളിലും മികച്ച കോവിഡ് പ്രതിരോധ മാര്‍ഗങ്ങളാണ് കമ്മീഷന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ഥികളില്‍ നിന്നും നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന വരണാധികാരിമാര്‍, ഉപവരണാധികാരിമാര്‍ എന്നിവര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയുടെ വിതരണം കലക്ടറേറ്റില്‍ പൂര്‍ത്തിയാക്കി.

കലക്ടറേറ്റിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വെയര്‍ ഹൗസ് കെട്ടിടത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി. സ്ഥാനാര്‍ഥികളില്‍ നിന്നും നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന വരണാധികാരിമാര്‍, ഉപവരണാധികാരിമാര്‍ എന്നിവര്‍ക്കായി 7,600 സാനിറ്റൈസര്‍ ബോട്ടിലുകള്‍, 30,900 എന്‍ 95 മാസ്‌കുകള്‍, 4,200 ഗ്ലൗസുകള്‍, 1,300 ഫെയ്‌സ് ഷീല്‍ഡുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഫെയ്‌സ് ഷീല്‍ഡുകളില്‍ 300 എണ്ണത്തോളം പുനരുപയോഗിക്കാവുന്നവയാണ്.

 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പതിവ് തിരക്കുകള്‍ക്കിയടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കേണ്ടി വരുന്നതാണ് ഇത്തവണത്തെ തദ്ദേശ തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ കമ്മീഷന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മുമ്പെങ്ങുമില്ലാത്ത സാഹചര്യമാണെന്നതിനാല്‍ വലിയ മുന്നൊരുക്കങ്ങളാണ് കമ്മീഷന്‍ ഇത്തവണ നടത്തിയിട്ടുള്ളത്.