നാല് ശാസ്ത്രജ്ഞരേയും വഹിച്ചു കൊണ്ട് ക്രൂ വൺ പേടകം കുതിച്ചുയർന്നു.

ഇത് മറ്റൊരു ചരിത്ര മുഹൂർത്തമാണൈന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡ്സ്റ്റൈൻ ട്വീറ്റ് ചെയ്തു.

വാഷിങ്ടൺ: നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ)ത്തിൽ എത്തിച്ച് സ്പേസ് എക്സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂർണ ദൗത്യമായി ഇത് മാറി. നേരത്തെ മോശം കാലാവസ്ഥയെ തുടർന്ന് ദൗത്യം മാറ്റിവെച്ചിരുന്നു. തുടർന്ന് 24 മണിക്കൂറിനു ശേഷമാണ് വിക്ഷേപണം നടന്നത്.

 

 

ഞായറാഴ്ച രാത്രി കെന്നഡി സ്പേസ് സ്റ്റേഷനിൽനിന്നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ്, ശാസ്ത്രജ്ഞരേയും വഹിക്കുന്ന ക്രൂ വൺ പേടകവുമായി കുതിച്ചുയർന്നത്. മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ എന്നീ മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തിൽ എത്തിച്ചത്.

 

നേരത്തെ രണ്ട് പരീക്ഷണ ദൗത്യങ്ങൾ സ്പേസ് എക്സ് നിർവഹിച്ചിരുന്നു. കോവിഡ് ബാധയെ തുടർന്ന് സ്പേസ് എക്സ് ഉടമ എലൻ മസ്ക് വിക്ഷേപണ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇത് മറ്റൊരു ചരിത്ര മുഹൂർത്തമാണൈന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡ്സ്റ്റൈൻ ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്റും നാഷണൽ സ്പേസ് കൗൺസിൽ ചെയർമാനുമായ മൈക്ക് പെൻസ് വിക്ഷേപണം നേരിട്ടു കാണാൻ എത്തിയിരുന്നു.