ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.

പണം ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എന്‍സിബി അന്വേഷിക്കുക.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍സിബി (നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായി എന്‍സിബിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്. 25 വരെയാണ് ബിനീഷിന്റെ റിമാന്‍ഡ് കാലാവധി.

നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുക്കുന്നതോടെ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖക്കൊപ്പം ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.

 

അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിര്‍ണായകമായി. തുടര്‍ന്ന് താന്‍ ബിനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി അറസ്റ്റ്‌ചെയ്തു. അതേസമയം, ഈ പണം ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എന്‍സിബി അന്വേഷിക്കുക