സിനിമാ തിയേറ്ററുകള്‍ വിഷുവിന് തുറന്നാല്‍ മതിയെന്ന് ഉടമകൾ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ വര്‍ഷം തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അടുത്ത മാസം തുറക്കുന്നതിന് സര്‍ക്കാര്‍ സമ്മതം അറിയിച്ചാലും തിയേറ്റര്‍ ഉടമകള്‍ അതിന് തയ്യാറല്ല. അടുത്ത വര്‍ഷം വിഷുവിന് തിയേറ്ററുകള്‍ തുറന്നാല്‍ മതിയെന്ന നിലപാടിലാണ് ഉടമകള്‍. ഇക്കാര്യം 19ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അറിയിക്കും.

 

തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ ഇതുവരെ തുറന്നിട്ടില്ല. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തുറന്നെങ്കിലും നഷ്ടം കാരണം പിന്നീട് പൂട്ടി. ഇതാണ് തുറക്കല്‍ വൈകിക്കാനുള്ള തീരുമാനത്തിലേക്ക് ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകളെ എത്തിച്ചത്.അടച്ചിട്ടിരിക്കുന്നതിനെക്കാള്‍ സാമ്ബത്തിക ബാദ്ധ്യത തുറക്കുമ്ബോഴുണ്ടാകുമെന്ന് ഉടമകള്‍ ഭയക്കുന്നു.

 

കൊവിഡിനു മുൻപും ശേഷവുമായി 67 സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ആളില്ലാതിയേറ്ററുകളിലേക്ക് ഇതില്‍ ഭൂരിഭാഗം സിനിമകളും എത്തിക്കാന്‍ വിതരണക്കാര്‍ക്കും താത്പര്യമില്ല.

 

ഉടമകളുടെ മറ്റ് ആവശ്യങ്ങള്‍

 

ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണം,

 

വിനോദ നികുതി ഒഴിവാക്കണം

 

അടച്ചിട്ടപ്പോഴുള്ള വൈദ്യുതിബില്‍ ഒഴിവാക്കണം

 

സിനിമ റിലീസിന് എത്താതെ തിയേറ്ററുകള്‍ തുറന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല

 

-ഷാജി എന്‍.കരുണ്‍, ചെയര്‍മാന്‍ കെ.എസ്.എഫ്.ഡി.സി

 

വാക്സിന്‍ എത്തുകയും അത് വിജയകരമായി പ്രചാരത്തിലാകുകയും ചെയ്താല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മാറൂ. അതുവരെ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

 

കെ. വിജയകുമാര്‍, പ്രസിഡന്റ്, ഫിലിം ചേംബര്‍.