ഫിഫ ‘ക്ലബ് ലോകകപ്പ്’ 2021ഫെബ്രുവരിയിൽ

നിലവിലെ ഏഴ് ടീമുകളെന്നത് 24 ടീമുകളാക്കി ഉയര്‍ത്തി.

ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിയതി മാറ്റിയത്. വരുന്ന ഫെബ്രുവരി ഒന്ന് മുതല്‍ പതിനൊന്ന് വരെയാണ് ദോഹയില്‍ ടൂര്‍ണമെന്‍റ് നടക്കുക. 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളില്‍ വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. ക്ലബ് ലോകകപ്പോടെ പുതിയ ചില സ്റ്റേഡിയങ്ങള‍് ഉദ്ഘാടനം ചെയ്യാനും സാധ്യതയുണ്ട്.

 

നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിച്ച് ഉള്‍പ്പെടെ വിവിധ വന്‍കരകളിലെ ഏഴ് ചാംപ്യന്മാരാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.

 

ഇക്കഴിഞ്ഞ ക്ലബ് ലോകകപ്പും ദോഹയിൽ വെച്ചായിരുന്നു നടന്നിരുന്നത്. ബ്രസീല്‍ ക്ലബ് ഫ്ലമംഗോയെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളായിരുന്നു കഴിഞ്ഞ ക്ലബ് ലോകകപ്പില്‍ മുത്തമിട്ടത്.

 

നിലവിലെ ഏഴ് ടീമുകളെന്നത് 24 ടീമുകളാക്കി ഉയര്‍ത്തി 2021 ല്‍ ചൈനയില്‍ വെച്ച് അടുത്ത ക്ലബ് ലോകകപ്പ് നടത്താന്‍ ഫിഫ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ തീരുമാനം മാറ്റിവെച്ചിരുന്നു.