വിവാദ ശബ്ദരേഖ സ്വപ്നയുടേത് തന്നെ: സ്ഥിരീകരിച്ച് ജയില്‍ വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി നിര്‍ബന്ധിക്കുന്നുവെന്ന ശബ്ദസന്ദേശം കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ജയില്‍ വകുപ്പ്. ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം ജയിലില്‍ നിന്നല്ല ശബ്ദം റെക്കോഡ് ചെയ്തതെന്നും ഡിഐജി പറഞ്ഞു. പുറത്ത് തെളിവെടുപ്പിന് പോയപ്പോഴാകാം ഈ സംഭാഷണം റെക്കോഡ് ചെയ്തതെന്നും ഡിഐജി വ്യക്തമാക്കി. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരം സ്വപ്ന കഴിയുന്ന അട്ടക്കുളങ്ങരയിലെ വനിതാ ജയിലില്‍ നേരിട്ടെത്തിയാണ് ഡിഐജി അജയകുമാറാര് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ എപ്പോഴാണ് ഇക്കാര്യം സംസാരിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് സ്വപ്നയുടെ മൊഴി നല്കി. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തില്‍ അമ്മയെ വിളിച്ചു. ഭര്‍ത്താവിനെയും മകളെയും കണ്ടതും കസ്റ്റംസ് സാന്നിധ്യത്തിലാണ്. കസ്റ്റഡിയില്‍ ശബ്ദം റെക്കോഡ് ചെയ്തതാകാമെന്നുമാണ് ജയില്‍ വകുപ്പിന്റെ നിഗമനം.