തദ്ദേശ തെരഞ്ഞെടുപ്പ് : നിര്‍ദേശങ്ങൾ കര്‍ശനമായി പാലിക്കണം-ജില്ലാ കലക്ടര്‍

 

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന്

ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിന് രൂപീകൃതമായ സമിതിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ജാതി-മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. കൊവിഡ്-ഹരിത പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.പോളിംഗ് സ്റ്റേഷനുകളില്‍ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ധരിക്കുന്ന മാസ്‌ക്കുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും പോസ്റ്റര്‍ പതിക്കുകയോ ചുമരെഴുത്ത് നടത്തുകയോ റോഡില്‍ എഴുതുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപന നോട്ടീസ് ബോര്‍ഡുകളിലും കോമ്പൗണ്ടിലും സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ പതിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ അനുവാദമില്ലാതെ പ്രചാരണം നടത്തരുത്. വോട്ടര്‍മാരെ സാമ്പത്തികമായും മറ്റും സ്വാധീനിക്കരുത്. മതപരമായും സാമുദായികമായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം പാടില്ല. കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം അനുവദനീയമല്ല. പ്രചാരണത്തിന് മൈക്ക് പെര്‍മിഷന്‍ നിര്‍ബന്ധമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ക്രമസമാധാന പാലനം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ണമായും വിവിധ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് ഇടപെടും. ഇതിന്റെ ഭാഗമായി ഓരോ മേഖലയിലും പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെഎസ് അജ്ഞു, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എ രാജന്‍, സീനിയര്‍ സൂപ്രണ്ട് കെ സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.