ശബരിമല; പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി

സന്നിധാനം: ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി. കൊവിഡിനെ തുടർന്ന് ദേവസ്വം സബ്‌സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ 2011 മുതൽ പൊലീസിന്റെ മെസിന് സർക്കാർ നേരിട്ടാണ് സബ്‌സിഡി നൽകിയിരുന്നത്.

ശബരിമല തീർത്ഥാടന കാലത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഏറെ ആശ്വാസകരമായിരുന്ന സൗജന്യ മെസ് സൗകര്യമാണ് നിർത്തലാക്കിയത്. കൊവിഡ് പ്രതിസന്ധി കാരണം ഇത്തവണ ദേവസ്വം ബോർഡിൽ നിന്ന് മെസ് സബ്‌സിഡി ലഭിച്ചില്ലെന്നാണ് വിശദീകരണം. ഇത് ചൂണ്ടിക്കാട്ടി മെസ് ഓഫിസർ ഉത്തരവുമിറക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, മണിയാർ എന്നിവിടങ്ങളിലുണ്ടയിരുന്ന സൗജന്യ ഭക്ഷണശാല സംവിധാനമാണ് നിർത്തലാക്കിയത്. ഇതോടെ ഭക്ഷണത്തിനുള്ള തുക സേനാംഗങ്ങൾ തന്നെ നൽകേണ്ടി വരും.അതേസമയം 2011 മുതൽ 2019 വരെ സർക്കാർ നേരിട്ടാണ് പോലീസ് മെസിനുള്ള സബ്‌സിഡി നൽകി വന്നിരുന്നത്.