‘സൂരരൈ പോട്ര്’ വനിതാ പൈലറ്റ് മലപ്പുറം ജില്ലക്കാരി.

ചെന്നൈ: സൂര്യയുടെ പുതിയ ചിത്രം സൂരരൈ പോട്ര് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. തിയേറ്ററിലായിരുന്നു ഈ പടം വന്നിരുന്നതെങ്കില്‍ എന്ന് കൊതിച്ചു പോവുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതിനോടകം തന്നെ നിരവധി പ്രേക്ഷക പ്രശംസ ആര്‍ജിച്ച ചിത്രത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലും വിവരങ്ങള്‍ നിറയുന്നു.

സിനിമയുടെ ക്ലൈമാക്‌സില്‍ ഒരു വനിതാ പൈലറ്റ് എത്തുന്നുണ്ട്. ഈ പെണ്‍കുട്ടിയാണോ ശരിക്കും ആ വിമാനത്തിന്റെ പൈലറ്റ് എന്ന അന്വേഷണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ ജീവിതത്തിലും ഇവര്‍ പൈലറ്റ് തന്നെയാണെന്ന് റിപ്പോര്‍ട്ടുകൾ. സിനിമയുടെ എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് കാണിക്കുന്ന നിമിഷങ്ങളില്‍ വിമാനത്തില്‍ നിന്നിറങ്ങി വരുന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ പേര് വര്‍ഷ നായര്‍.

 

ചെന്നൈ സ്വദേശിയായ വര്‍ഷയെ കൂടാതെ ഭര്‍ത്താവ് ലോകേഷും പൈലറ്റാണ്. വര്‍ഷ ഇന്‍ഡിഗോയിലും ലോകേഷ് എയര്‍ ഇന്ത്യയിലും സേവനം ചെയ്യുന്നു. സംവിധായിക സുധ കൊങ്ങരയാണ് സിനിമയിലേക്ക് വര്‍ഷയെ ക്ഷണിക്കുന്നത്. വര്‍ഷക്ക് കേരളത്തിലെ  മലപ്പുറം ജില്ലയിലെ പൊന്നാനിയിലും കുടുംബാംഗങ്ങളുണ്ട്.

 

എയര്‍ ഡെക്കാന്‍ എന്ന ലോ ബഡ്ജറ്റ് എയര്‍ലൈന്‍സ് സ്ഥാപകനായ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥ് എഴുതിയ ആത്മകഥ ‘സിംപ്ലി ഫ്‌ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ സൂരരൈ പോട്ര് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണെന്ന് ഇതിനകം തന്നെ വിലയിരുത്തലുകള്‍ വരുന്നു