ബൂത്തുകളില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സാമഗ്രികള്‍ എത്തി തുടങ്ങി

ആദ്യ ഘട്ടത്തില്‍ എത്തിക്കുന്നത് സാനിറ്റൈസറുകള്‍

മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന് പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജില്ലയില്‍ എത്തി തുടങ്ങി. സാനിറ്റൈസറുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലാ ആസ്ഥാനത്തെത്തിയത്. 3,975 പോളിങ് ബൂത്തുകളിലേക്ക് ഏഴ് ലിറ്റര്‍ വീതം സാനിറ്റൈസറുകളാണ് നല്‍കുന്നത്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് മഞ്ചേരിയിലെ ജില്ലാ ഡ്രഗ് വെയര്‍ ഹൗസില്‍ എത്തിച്ച സാനിറ്റൈസറുകള്‍ മലപ്പുറത്ത് നഗരസഭാ ടൗണ്‍ഹാളിലാണ് സൂക്ഷിക്കുന്നത്. ഇവ പിന്നീട് തരംതിരിച്ച് ബൂത്ത് അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. സാനിറ്റൈസറുകള്‍ക്ക് പുറമെ മാസ്‌കുകള്‍, കയ്യുറകള്‍ തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികളും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും.