മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ബിജു രമേശ്.

കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. ബാർ കോഴ കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. കേസിൽ നിന്ന് പിൻമാറരുതെന്ന് തന്നോട് അഭ്യർഥിച്ചത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. ഇപ്പോൾ അവർ തന്നെ കേസിൽ നിന്ന് പിന്മാറുകയാണെന്ന് വാർത്താസമ്മേളനത്തിൽ ബിജുരമേശ് ആരോപിച്ചു.

കെ. എം മാണി പിണറായി വിജയനെ വീട്ടിലെത്തി കണ്ടതിന് ശേഷമാണ് ബാർകോഴ കേസ് അവസാനിച്ചത്. വിജിലൻസിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും ബിജു രമേശ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണം പ്രഹസനമാകുമെന്നും ബിജു രമേശ് പറഞ്ഞു. നേരത്തേ രഹസ്യമൊഴി നൽകാൻ പോകുന്നതിന്‍റെ തലേന്ന് ചെന്നിത്തല വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറയാനാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യയും തന്നെ വിളിച്ചിരുന്നതായും ബിജുരമേശ് വെളിപ്പെടുത്തി.