കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മഹാരാഷ്ട്ര: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡല്‍ഹിക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മഹാരാഷ്ട്രയിലേക്കു യാത്ര ചെയ്യുന്നതിനു മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.

വിമാനത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ 72 മണിക്കൂര്‍ മുമ്പും ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ 96 മണിക്കൂര്‍ മുമ്പും ടെസ്റ്റ് നടത്തിയിരിക്കണം. അല്ലാത്തവര്‍ സംസ്ഥാനത്തെത്തിയാല്‍ സ്വന്തം ചെലവില്‍ ടെസ്റ്റിനു വിധേയരാകണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ നടപടി