‘നന്മയുള്ള മലപ്പുറം മേന്മയുള്ള വികസനം’ പ്രകാശനം ചെയ്തു

മാതൃക പദ്ധതികളിലൂടെ ശ്രദ്ധേയമായ നഗരസഭ എന്നും അഭിമാനം; പികെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: കേരളത്തിന് തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നാടിനായി സമര്‍പ്പിച്ച മലപ്പുറം നഗരസഭ എന്നും അഭിമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളോടൊപ്പം നൂതന വികസന പദ്ധതികളും മലപ്പുറം നഗരസഭയെ വ്യത്യസ്ഥമാക്കുന്നു. ജില്ലയുടെ ആസ്ഥാന നഗരപരിപാലന സ്ഥാപനമെന്ന നിലക്ക് നല്ല കാഴ്ച്ചപ്പാടുള്ള വികസന മനോഭാവമുള്ള ഭരണകര്‍ത്താക്കള്‍ തന്നെ വീണ്ടും അധികാരത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവര്‍ഷംകൊണ്ട് വികസന വിപ്ലവം തീര്‍ത്ത നഗരസഭയുടെ വികസന ഡോക്യുമെന്ററി നന്മയുള്ള മലപ്പുറം മേന്മയുള്ള വികസനം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന തുടര്‍ച്ചക്ക് യുഡിഎഫ് സാരഥികളെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യാര്‍ത്ഥിച്ചു. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി ഉബൈദുള്ള എം എല്‍ എ, മുനിസിപ്പല്‍ യുഡിഎഫ് ചെയര്‍മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് , കണ്‍വീനര്‍ മന്നയില്‍ അബൂബക്കര്‍ , മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിഎച്ച് ജമീല ടീച്ചര്‍, പി പി കുഞ്ഞാന്‍ , പികെ സക്കീര്‍ ഹുസൈന്‍, സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍ , അമീര്‍ തറയില്‍ , സുഹൈല്‍ സഹദ് പ്രസംഗിച്ചു.

ഹാരിസ് ആമിയന്‍ സ്വാഗതവും പി കെ ബാവ നന്ദിയും പറഞ്ഞു.