‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനാ ദിനത്തില്‍ ഗുജറാത്തിലെ കേവഡിയയില്‍ നടക്കുന്ന പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിഷയം മോദി വീണ്ടും ഉന്നയിച്ചത്.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ നിയമസഭകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത വിവരബേസ് വേണം. കാലോചിതമല്ലാത്ത നിയമങ്ങള്‍ മാറ്റുകയും ചെയ്യണം- അദ്ദേഹം പറഞ്ഞു.