സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി സ്‌കോട്‌ലാന്‍ഡ്.
ലേബര്‍ എംപി മോണിക്ക ലെനന്‍ ആണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
എഡിന്‍ബര്‍ഗ്: ആര്‍ത്തവ വേളയില്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാഷ്ട്രമായി സ്‌കോട്‌ലാന്‍ഡ്. പാര്‍ലമെന്റില്‍ ഇതിനായി സര്‍ക്കാര്‍ പിരിയഡ് പ്രൊഡക്ട് (ഫ്രീ പ്രൊവിഷന്‍) സ്‌കോട്‌ലാന്‍ഡ് എന്ന പേരില്‍ ബില്‍ അവതരിപ്പിച്ചു.
ഇനി മുതല്‍ രാജ്യത്തെ കമ്യൂണിറ്റി സെന്ററുകള്‍, യൂത്ത് ക്ലബുകള്‍, ഫാര്‍മസികള്‍ എന്നിവ വഴി സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിക്കും. പ്രതിവര്‍ഷം 24 മില്യണ്‍ പൗണ്ടിന്റെ ചെലവാണ് ഇതിന് കണക്കാക്കുന്നത്.
ഏകകണ്‌ഠേനയാണ് നിയമം പാസാക്കിയത്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള സുപ്രധാന നയം എന്നാണ് നിയമത്തെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയോണ്‍ വിശേഷിപ്പിച്ചത്. ഈ ബില്‍ നിയമമാക്കാന്‍ വോട്ടു ചെയ്യുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ലേബര്‍ എംപി മോണിക്ക ലെനന്‍ ആണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഒരു സാനിറ്ററി പാഡ് എവിടെ നിന്ന് കിട്ടും എന്നതില്‍ ഇനി ആര്‍ക്കും ഉത്കണ്ഠ വേണ്ട. ആര്‍ത്തവ വേളയില്‍ ആശ്വാസം നല്‍കുന്ന അവസാനത്തെ രാജ്യമായിരിക്കില്ല സ്‌കോട്‌ലാന്‍ഡ്. എന്നാല്‍ ആദ്യത്തേതാകാന്‍ നമുക്ക് അവസരം കിട്ടിയിരിക്കുന്നു- അവര്‍ പറഞ്ഞു.
ഇതിനു മുമ്പ് 2018ല്‍ സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാന്‍ സ്‌കോട്‌ലാന്‍ഡ് തീരുമാനിച്ചിരുന്നു. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ രാഷ്ട്രം കൂടിയായിരുന്നു സ്‌കോട്‌ലാന്‍ഡ്.