മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മഹാനഗരം വേദിയായത്. മൂന്ന് ദിവസം മഹാനഗരത്തെ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്നും നാലാം ദിവസം തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നഗരം കൂടിയാണ് മുംബൈ.

 

പാകിസ്താനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ നിയോഗിച്ച പത്തംഗ സംഘം നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 166 പേരാണ്. മുംബൈ നഗരത്തിലെ എട്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ മുന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്

 

ലക്ഷക്കണക്കിന് യാത്രക്കാർ ദിവസേനയെത്തുന്ന സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ , അന്ധേരി എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്.

ഏറ്റുമുട്ടലിൽ ഒൻപതു ഭീകരരെ വധിച്ചു. ഭീകരന്മാരിലൊരാളായ അജ്മൽ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാൻ മുംബൈ പോലീസിന് കഴിഞ്ഞത് . വിചാരണയ്ക്കൊടുവിൽ 2012 നവംബർ 21-ന് കസബിനെ തൂക്കിലേറ്റി. കസബിന്റെ ചിത്രം ആദ്യമായി ലോകത്തിന് കാണിച്ചു കൊടുത്തത് സി എസ് ടി സ്റ്റേഷനിൽ ഉണ്ടായിരുന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സെബാസ്റ്റ്യൻ ഡിസൗസ, സതീഷ് മാലാവഡെ എന്നിവരായിരുന്നു.

മഹാരാഷ്ട്ര ഭീകരവിരുദ്ധസേന തലവൻ ഹേമന്ദ് കർക്കരെ, അഡീഷണൽ പോലീസ് കമ്മിഷണർ അശോക് കാംതെ, ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സലാസ്കർ, മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, അജ്മൽ കസബിനെ പിടികൂടിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലെ എന്നിവർ ഉൾപ്പെടെ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.