ഓസീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി

സിഡ്നി: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 66 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

76 പന്തില്‍ 90 റണ്‍സടിച്ച പാണ്ഡ്യയും 86 പന്തില്‍ 74 റണ്‍സടിച്ച ധവാനും മാത്രമെ ഇന്ത്യക്കായി പൊരുതിയുള്ളു. നാല് വിക്കറ്റെടുത്ത ആദം സാംപയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 374/6, ഇന്ത്യ 50 ഓവറില്‍ 308/8.