വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. അസുഖ ബാധിതനായതിനാല്‍ ഉപാധികളോടെ ചോദ്യം ചെയ്യാനാണ് വിജിലന്‍സിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെയും, വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി. ഓരോ മണിക്കൂറിനു ശേഷം പതിനഞ്ചു മിനിറ്റ് ഇടവേള അനുവദിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.