പെരിയ ഇരട്ടക്കൊല; സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ് കുറ്റപത്രം റദ്ദാക്കിയത്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനില്‍ക്കില്ല. ഭരണമുന്നണി അംഗങ്ങളായ പാര്‍ട്ടിക്കാരാണ് പ്രതികള്‍ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.